2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

DrEAms On FiRe...(RelOadEd)

അഗ്നികുണ്ഡത്തിലെ സ്വപ്‌നങ്ങള്‍....!!''പോവുകയാണോ??......''


അന്നയുടെ ശബ്ദം ഇടറിയിരുന്നു...


അവളുടെ മുഖത്തേക്കു നോക്കുവാന്‍ ദേവന് കഴിയുമായിരുന്നില്ല....നിറം മങ്ങിയ നീല യൂണിഫോമിന്റെ പോക്കറ്റില്‍ കൈകള്‍ താഴ്ത്തി അയാള്‍ ദൂരേക്ക്‌ നോക്കി നിന്നു....താഴ്ന്നു വീശിയ ഒരു കാറ്റ് അവിടെ വീണുകിടന്ന കരിയിലകളെ അവര്‍ക്ക് ചുറ്റും പറത്തുന്നുണ്ടായിരുന്നു.... നനവ് വറ്റിത്തുടങ്ങിയ ക്ഷീണിച്ച കണ്ണുകള്‍ പണിപ്പെട്ട് അടച്ചുകൊണ്ട് അയാള്‍ പതുക്കെ മുന്നോട്ടു നടന്നു.............


വര്‍ഷങ്ങള്‍ക്കു ശേഷം ആ സൂപ്പര്‍മാര്‍കെറ്റിന്റെ കോണില്‍ വച്ച് ദേവനെ കണ്ടു മുട്ടുമെന്നു അന്ന ഒരിക്കലും പ്രതീക്ഷിച്ചിരുന്നിരുന്നില്ല....കയ്യിലെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും ഊര്‍ന്നു വീണ പ്രിസ്‌ക്രിപ്‌ഷന്‍ നിലത്തു നിന്നും കുനിഞ്ഞെടുക്കുമ്പോഴാണ് അല്പ്പമകലെയുള്ള എടിഎം മഷീന്റെ മറവില്‍ നിന്നും തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ആളിനെ അവള്‍ ശ്രദ്ധിക്കുന്നത്...


എതിരെ വന്ന അറബിപ്പയ്യന്റെ കുസൃതിക്കൈകള്‍ തന്റെ വയറില്‍ താളമിട്ടതുപോലുമറിയാതെ അവള്‍ അയാളുടെ അടുത്തേക്ക്‌ അവിശ്വസതനീയതയോടെ നടന്നു.......


അന്ന തന്നെ കണ്ടുവെന്നുറപ്പായപ്പോള്‍ അവിടെ നിന്നും ഓടിയൊളിക്കാന്‍ ദേവന്‍ ഒരു വൃഥാ ശ്രമം നടത്തി...പക്ഷെ അപ്പോഴേക്കും അവള്‍ അടുത്തെത്തിയിരുന്നു....കയ്യിലെ സ്ക്രൂ ഡ്രൈവര്‍ പോക്കറ്റിലേക്കു തിരുകി പിടിക്കപ്പെട്ടവന്റെ കണ്ണുകളുമായി അയാള്‍ നിസ്സഹായനായി നിന്നു....ഒരിക്കലും വീണ്ടും കണ്ടുമുട്ടരുതെന്നു പ്രാര്‍ത്ഥിച്ചവളെ മുന്നില്‍ കൊണ്ടെത്തിച്ച ദൈവങ്ങളെപ്പോലും ഓര്‍ക്കാതെ.......


പരസ്പരം ഒന്നും സംസാരിക്കാതെ ആ സൂപ്പര്‍മാര്‍കെറ്റിന്റെ പുറത്തേക്ക് നടക്കുമ്പോള്‍ ജനുവരിയിലെ കൊടും തണുപ്പിലും അവര്‍ വിയര്‍ക്കുന്നുണ്ടായിരുന്നു....ആ ചെറിയ പാര്‍ക്കില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല..കാറ്റ് നിറച്ച ബലൂണുകള്‍ പറത്തിവിടുന്ന കുട്ടികള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ പോയകാലത്തിന്റെ ചെറിയ അസ്വസ്ഥകള്‍ അന്നയുടെ മനസ്സില്‍ കിനിഞ്ഞിറങ്ങി...നനവാറിത്തുടങ്ങിയ ആ പുല്‍ത്തകിടിയിലൂടെ പതിയെ നടക്കുമ്പോഴും ആയാളോടെന്തെങ്കിലും സംസാരിക്കാന്‍ അവള്‍ അശക്തയായിരുന്നു......


എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് കരുതിയത്‌ കൊണ്ട് മാത്രമാണ് ദേവന്‍ അവളുടെ താമസമെവിടെയാണെന്ന് തിരക്കിയത്....


പക്ഷെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവളും പഠിച്ചിരുന്നു....


''സൌദിയില്‍ ആണെന്നായിരുന്നല്ലോ കേട്ടത്...''


''അതേ ഇവിടെ വന്നിട്ടിപ്പോ ആറു മാസമേ ആയിട്ടുള്ളൂ....''


എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു അന്നയ്ക്ക്....''ഇവിടെ നല്ല ജോലി ആയിരിക്കുമോ??''.....''വിവാഹം കഴിഞ്ഞുവോ....ഉണ്ടെങ്കില്‍ ഭാര്യ ഇവിടെയുണ്ടോ..........''...ചോദ്യങ്ങള്‍ക്കു ശബ്ദം കൈവരാതായപ്പോള്‍ അവിടെ നിശബ്തത മാത്രം ബാക്കിയായി....


ദേവന്റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം നടക്കുകയായിരുന്നു....ഭീരുവായ കാമുകനായി നാടുവിട്ടോടുമ്പോള്‍ ആരും പിന്‍വിളി വിളിച്ചിരുന്നില്ല.....വിളിക്കേണ്ടവളെ പാതി വഴിയിലുപേക്ഷിച്ചുള്ള ഓട്ടത്തില്‍ അവളുടെ ഭാവിയും പിന്നെ തന്റെ കുടുംബത്തിന്റെ രക്ഷയും മാത്രമായിരുന്നു മനസ്സില്‍.....ലേബര്‍ ക്യാമ്പിലെ ഇരുണ്ട മുറിയില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ബാഗിന്റെ ഉള്ളറയില്‍ സൂക്ഷിച്ചു നിറം മങ്ങിയ ഒരു പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോയില്‍ നോക്കിയിരിക്കാറുണ്ട്....പക്ഷെ ആ കണ്ണുകള്‍ ഇപ്പോള്‍ തൊട്ടുമുന്നില്‍ അകലേക്ക് നോക്കിയിരിക്കുന്നത് കാണുമ്പോഴും ആ മുഖത്തേക്ക് ഒന്നു നോക്കാന്‍ കൂടി കഴിയുന്നില്ല.....കാലം ചവിട്ടിയരച്ച പ്രണയകഥയിലെ ഭീരുവായ നായകന് എവിടെയും പരാജയം തന്നെ....


അവര്‍ക്ക് മുന്നിലൂടെ രണ്ട് കമിതാക്കള്‍ കൈകള്‍ കോര്‍ത്തു കടന്നു പോയി...


പൂവിട്ടു നിന്ന ഇലഞ്ഞി മരത്തിന്റെ തണലിലെ മൌനത്തിനു പ്രണയത്തിന്റെ ചുവപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ മാത്രമാണ് ആഗ്രഹിക്കാന്‍ തുടങ്ങിയത്....ലൈബ്രറി പുസ്തകത്തിലെ നടുപ്പേജില്‍ നാലായി മടക്കിവച്ച കത്തിന്റെ രൂപത്തിലായിരുന്നു അന്നവള്‍ ഉത്തരം തന്നത്...


പിന്നെയൊരുപാട് നാള്‍ ആ ഇലഞ്ഞിച്ചുവട്ടില്‍ വച്ചു പ്രണയം കൈമാറി....ഒടുവില്‍ കണ്ണുനീര്‍ വീണു നനഞ്ഞ ഇലഞ്ഞിയിലകള്‍ ചവിട്ടി ദൂരേക്ക്‌ നടന്നകന്നപ്പോഴും അവളാ മരച്ചുവട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു......ഓര്‍മകളേറിയപ്പോള്‍ ദേവന്‍ കൈകള്‍ കൊണ്ട് മുഖം തുടച്ചു...........


തുളച്ചു കയറുന്ന മൊബൈലിന്റെ റിംഗ് ആണ് അന്നയെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.....അസഹ്യതയോടെ അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു....


''അന്നാ നീ എവിടെയാണ്..'' ഭര്‍ത്താവിന്റെ സ്വരം

അവളൊന്നും മിണ്ടിയില്ല...

''സീ നിനക്കിത്‌ തേര്‍ഡ് മന്ത് ആണ്...ഏറ്റവും ശ്രദ്ധിക്കേണ്ട സമയം..എനിക്കെപ്പോഴും നിന്റെ അടുത്ത്‌ വന്നിരിക്കാന്‍ കഴിയില്ല...നിന്നെ പുറത്തെവിടെയോ കണ്ടു എന്ന് സുനി പറഞ്ഞു... ഇത് കൂടി അബോര്‍ഷനിലേക്ക് പോയാല്‍......''


കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അന്ന ഫോണ്‍ കട്ട്‌ ചെയ്തു.......അവളുടെ മുഖത്ത്‌ ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല...


അവളുടെ മനസ്സപ്പോള്‍ കരിയിലകള്‍ വീണു കിടക്കുന്ന പഴയ ഇടവഴികളിലെവിടെയൊക്കയോ ആയിരുന്നു.....


നീണ്ട മൌനത്തിനു ശേഷം അന്ന തന്നെയാണ് സംസാരിക്കാനാരംഭിച്ചത്.....കഴിഞ്ഞ കാലത്തിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നുണ്ടായിരുന്നില്ല......അവരേറെനേരം സംസാരിച്ചുകൊണ്ടിരുന്നു........


ആ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ ആളേറിയപ്പോഴും അവര്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.........


നേരമേറെക്കഴിഞ്ഞപ്പോഴാണ് പച്ചച്ചായമടിച്ച ആ ചാരുബെഞ്ചില്‍ നിന്നും ദേവന്‍ പതിയെ എഴുന്നേറ്റത്.....അന്നയുടെ കണ്ണുകളപ്പോഴും നിറഞ്ഞുതന്നെയിരിക്കുകയായിരുന്നു.....


തിരിച്ചു നടക്കുമ്പോള്‍ ദേവന്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല...നിറഞ്ഞ കണ്ണുകളോടെ അന്ന തിരികെ വിളിച്ചത് ആപ്പോഴും അയാളുടെ കാതുകളില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും ...അവള്‍ പറഞ്ഞതൊന്നും സത്യമാകരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.....വിവാഹം കഴിഞ്ഞെങ്കിലും അവളുടെ മനസ്സിലിപ്പോഴും താന്‍ മാത്രമാണെന്നവള്‍ പറഞ്ഞത് അയാള്‍ ഞെട്ടലോടെയായിരുന്നു കേട്ടത്.... എന്നെപ്പോലെ തന്നെ അവളും.??


കൈവിട്ടുപോയ മനസ്സോടെയാണ് ദേവന്‍ ബസ്സിലേക്ക് കയറിയത്....നേരമിരുട്ടിത്തുടങ്ങിയിരുന്നു...മങ്ങിയ നിയോണ്‍ വെളിച്ചത്തില്‍ അകലെയാ പാര്‍ക്ക് അവ്യക്തതയോടെ കാണാം.....സീറ്റില്‍ ചാരിയിരിക്കുമ്പോള്‍ നഷ്ടസ്വപ്നങ്ങളുടെ നേര്‍ത്ത ചിന്തുകള്‍ മനസ്സിന്റെ കോണുകളില്‍ ചെറിയ അഗ്നി സ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്നതായി തോന്നി......പതിയെപ്പതിയെ അയാളുടെ മനസ്സില്‍ അഗ്നികുണ്ഡം പുകഞ്ഞു.....അതു തീയായി ആളിപ്പടര്‍ന്നപ്പോള്‍ ബസ്സിന്റെ പടികള്‍ ചാടിയിറങ്ങി വേഗത്തില്‍... വളരെ വേഗത്തില്‍ അയാളാ പാര്‍ക്ക് ലക്ഷ്യമാക്കി ഓടി...........


അന്ന അപ്പോഴും ആ ചാരുബെഞ്ചില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു..........


അയാളെയും കാത്ത്‌.........


2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

RoMantIc..niTE

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP